മണക്കാട് വലിയപള്ളിയുടെ ചരിത്രം

തെക്കന്‍ കേരളത്തിലെ ചിരപുരാതനവും ചരിത്രപാരമ്പര്യം ഉള്‍ക്കെള്ളുന്നതും തിരുവനന്തപുരത്തിന്‍റെ പൈതൃക ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനം അലങ്കരിക്കുന്നതുമായ ജമാഅത്താണ് തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത്. അംഗസംഖ്യ കൊണ്ടും, വിസ്തീര്‍ണ്ണം കൊണ്ടും തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ജമാ അത്തായ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത്, ഇസ്ലാമിക സാഹോദര്യത്തിന്‍റെയും, മതസൗഹാര്‍ദ്ദത്തിന്‍റെയും, മുസ്ലിം ഐക്യത്തിന്‍റെയും മഹദ് മാതൃക കൂടിയാണ്. അറിവും, വിവേകവും, വിശാല വീക്ഷണവും, സന്മ നസ്സും, പക്വമായ നേതൃത്വവുമുണ്ടെങ്കില്‍ അഭിപ്രായാന്തരങ്ങള്‍ക്കിടയിലും മുസ്ലീം സമൂഹത്തിന് ഒരുമിച്ച് നില്ക്കാന്‍ കഴിയുമെന്നതിന്‍റെ അനുഭവസാക്ഷ്യമാണ് തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത്.

ചരിത്രം

മണക്കാട് വലിയപള്ളിയുടെ ചരിത്രത്തിന് തിരുവിതാംകൂറിന്‍റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. തിരുവിതാംകൂറിന്‍റെ സ്ഥാപകനായ ശ്രീ. വീര മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനന്തന്‍ കാടായിരുന്ന സ്ഥലത്ത് ശ്രീ പദ്മനാഭ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമ്പോള്‍ത്തന്നെ അതിന് തെക്ക് മണല്‍ കൊണ്ട് നിറഞ്ഞ മണല്‍ക്കാട് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മണക്കാട്ട് ഒരു മുസ്ലിം പള്ളിയും ഉണ്ടായിരുന്നു. കച്ചവടക്കാരും, കൃഷിക്കാരും, വൈദ്യന്മാരും, കൊട്ടാരം ജീവനക്കരായ കണക്കുപ്പിള്ളമാരും, തലപ്പാക്കെട്ടിമാരും, ഭടന്മാരും, വാല്യക്കാരുമടങ്ങുന്ന നാട്ടുകാരായീരുന്നു ഈ പള്ളി ഉപയോഗപ്പെടുത്തിയിരുന്നത്. കച്ചവടത്തില്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, തിരുവിതാംകോട്ട് നിന്ന് പത്ത് കച്ചവടക്കാരെ കൊണ്ടുവന്ന്, ചാല വയല്‍ നികത്തി അവിടെ കച്ചവടം ചെയ്യുന്നതിന് അവസരം ചെയ്ത് കൊടുക്കുകയും, അവരും മണക്കാട് വലിയപള്ളിയുടെ ഭാഗമാവുകയും ചെയ്തു. പിന്നീട് നമസ്കാര സൗകര്യാര്‍ത്ഥം മണക്കാട് വലിയപള്ളിയെ ജമാഅത്താക്കി അവര്‍ കരുപ്പട്ടിക്കട പള്ളി നിര്‍മ്മിക്കുകയും, അതിന് ശേഷം വന്ന വടക്കേ ഇന്‍ഡ്യക്കാര്‍ (ആലായി/സേട്ടുമാര്‍) ചാല പള്ളിയും അട്ടക്കുളങ്ങര പള്ളിയും നിര്‍മ്മിക്കുകയും ചെയ്തു. കാലങ്ങള്‍ക്ക് ശേഷം പൂന്തുറ, കരമന, വള്ളക്കടവ് എന്നീ ജമാഅത്തുകള്‍ രൂപംകൊള്ളുന്നതുവരെയും ഈ പ്രദേശത്തെ ഏക ജമാഅത്ത് മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തായിരുന്നു. ഇന്ന് തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പരിധിയില്‍ ചാല, കരുപ്പട്ടിക്കട, അട്ടക്കുളങ്ങര, മണക്കാട് സെന്‍ട്രല്‍, കല്ലാട്ടുമുക്ക് തുടങ്ങി എട്ടോളം ജുംആ മസ്ജിദുകളും പത്തോളം ചെറു തൈക്കാവുക്കളുമുണ്ട്.

നിര്‍മ്മാണം

മണക്കാട് കൊഞ്ചിറവിള റോഡില്‍, കളിപ്പാന്‍കുളം കഴിഞ്ഞ്, റോഡിന് ഇരുവശവുമായി അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് തിരുവനന്തപുരം മണക്കാട് വലിയപള്ളി സ്ഥതിചെയ്യുന്നത്. പുരാതന കേരളീയ വാസ്തു ശില്പ്പ രീതിയില്‍ പണിത ഇരുനിലകളുള്ള ചെറിയ പള്ളിയായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഉദ്ധേശം അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ പള്ളി പൊളിച്ച് ഏകദേശം നാനൂറ് പേര്‍ക്ക് നമസ്കരിക്കാവുന്നതരത്തില്‍ ഇരുനിലകളോട് കൂടിയ കോണ്‍ക്രീറ്റു പള്ളി നിര്‍മ്മിക്കുകയുണ്ടായി.

എന്നാല്‍ കാലക്രമേണ ഇതും നമസ്കാരത്തിന് മതിയാവതെ വരികയും, പള്ളിയുടെ വശങ്ങളിലേക്ക് താല്ക്കാലിക സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതായും, പള്ളിമുറ്റവും റോഡും പോലും നമസ്കാരങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതായും വന്നു. ഈ ദുസ്ഥിതി കണക്കിലെടുത്ത ജനാബ് എം. അബ്ദുല്‍ ഖാദര്‍ ഹാജി പ്രസിഡന്‍റായുള്ള 2012 ല്‍ നിലവില്‍ വന്ന കമ്മിറ്റി പള്ളി വികസിപ്പിക്കുവാന്‍ തീരുമാനിക്കുകയും. മൂന്ന് നിലകളിലായി ഏതാണ്ട് 4500 ഓളം ആള്‍ക്കാര്‍ക്ക് ഒരേ സമയം നമസ്കരിക്കാവുന്ന തരത്തില്‍ നാലരക്കോടി മുതല്‍ മുടക്ക് വരുന്ന ഒരു ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

അള്ളാഹുവിന്‍റെ കൃപാകടാക്ഷത്താലും ജമാഅത്ത് അംഗങ്ങളുടെയും ദീനീസ്നേഹികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളാലും ജമാഅത്ത് കമ്മിറ്റിയുടെ അശ്രാന്ത പരിശ്രമത്താലും പള്ളിയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി 2017 മാര്‍ച്ച് 1 ന് ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ അദ്ധ്യക്ഷൻ ഹസ്രത്ത് മൗലാനാ സയ്യദ് അർഷദ് മദനി ഉത്ഘാടനം ചെയ്തു. പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തിലെ ഏറ്റവും വലിയ പ്രത്യേകത, നിര്‍മ്മാണ ഘട്ടത്തില്‍ ഒരിക്കലും ഒരു റകഅത്ത് നമസ്കാരം പോലും പള്ളിയില്‍നിന്നും മാറി നമസ്കരിക്കേണ്ടി വന്നില്ല എന്നുള്ളതാണ്. മാത്രമല്ല, നവീകരിച്ച പള്ളിയുടെ തഴത്തെ നില പൂര്‍ണ്ണമായും ശീതീകരിച്ചതാണ്.

പരിപാലനം

ആദ്യ കാലങ്ങളില്‍ പള്ളിയുടെ പരിപാലനം മുത്തവല്ലീമാരായിരുന്നു നടത്തിയിരുന്നത്. 1956 ലാണ് ഒരു ജനകീയ കൂട്ടായ്മ നിലവില്‍ വന്നത്. പള്ളിയുടെ പ്രധമാദ്ധ്യക്ഷന്‍ ജനാബ് അബ്ദുറഹ്മാന്‍ ജഡ്ജ് ആയിരുന്നു. തുടര്‍ന്ന് പ്രഗല്‍ഭരായ പല വ്യക്തിത്വങ്ങളും പള്ളിയുടെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ അന്‍പത് വര്‍ഷക്കാലമായി, ജമഅത്ത് പരിപാലന കമ്മിറ്റിയെ ജനാധിപത്യ രീതിയില്‍ പള്ളിയുടെ ഭരണഘടനയ്ക്ക് വിധേയമായി തിരഞ്ഞെടുപ്പിലുടെയാണ് തീരുമാനിക്കുന്നത്. ജനാധിപത്യ രീതികളെ ആസ്പധമാക്കി, ജമാഅത്ത് അംഗങ്ങളാല്‍ ബൈലാ അനുസരിച്ച് തെരെഞ്ഞെടുക്കുന്ന ആളായിരിക്കും പ്രസിഡന്‍റായിതീരുക. അദ്ധേഹമായിരിക്കും എല്ലാ വാര്‍ഡുകളില്‍നിന്നും 40 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൗണ്‍സില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. അതില്‍ നിന്നാണ് ഭാരവാഹികളെയും നിശ്ചയിക്കുന്നത്. നിലവില്‍ ജനാബ് എം. അബ്ദുല്‍ ഖാദര്‍ ഹാജി പ്രസിഡന്‍റായുള്ള 40 അംഗ കൗണ്‍സിലാണ് ജമാഅത്ത് പരിപാലനം നടത്തുന്നത്.

ഇമാമുമാര്‍

വളരെക്കാലം പൂന്തുറയില്‍നിന്നുമുള്ള മുഹമ്മദ് യുസഫ് തങ്ങളായിരുന്നു പള്ളിയുടെ ഇമാമായി സേവനമനുഷ്ടിച്ചിരുന്നത്. തങ്ങളുടെകാലശേഷം വള്ളക്കടവില്‍ നിന്നുമുള്ള ബഹുമാന്യനായ ഹാജി അബ്ദുറസ്സാക്ക് മൗലവി സുദീര്‍ഘവും തുടര്‍ച്ചയുമായ 55 വര്‍ഷക്കാലം ഇമാമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം ജമാ അത്തിന് ഒരു തീരാനഷ്ടം തന്നെയായിരുന്നു. കഴിഞ്ഞ 22 വര്‍ഷക്കാലമായി, നമ്മുടെ ജമാഅത്തംഗവും മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും കേരളത്തിലെ മുസ്ലിം പണ്ഡിതരില്‍ പ്രമുഖനും, നല്ലൊരു വാഗ്ഗ്മിയും, എഴുത്തുകാരനും തലസ്താനത്തെ സാമൂഹിക, സാംസ്കാരിക വേദികളില്‍ തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായ അല്‍ഹാജ്. ഹാഫിസ്. പി. എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരിയാണ്. അദ്ധേഹത്തിന്‍റെ സേവനം ജമാഅത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്.

മതസൗഹാര്‍ദ്ദം

മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത്, മതസൗഹാര്‍ദ്ദത്തിന് അങ്ങേയറ്റം വില കല്പ്പിക്കുന്നു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പ്രസിദ്ധമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം പള്ളിയില്‍ നിന്നും ഒരു വിലിപ്പാടകലെയാണ് സ്ഥിതിചെയ്യുന്നത്. നാളിതുവരെ ക്ഷേത്ര കര്‍മ്മങ്ങള്‍ക്കോ ഹിന്ദു സഹോദരങ്ങള്‍ക്കോ തടസ്സമുണ്ടാക്കുന്നതോ, ബുദ്ധിമുട്ടുണ്ടാക്കുന്നതോആയ ഒന്നും ഇന്നോളം ജമാത്തിന്‍റെ ഭാഗത്ത്നിന്നും ഉണ്ടായിട്ടില്ല. തിരിച്ച് മസ്ജിദിന്‍റെ പ്രവര്‍ത്തനത്തിലോ നമസ്കാരത്തിനോ പ്രയാസമുണ്ടാക്കുന്ന ഒന്നും ക്ഷേത്രത്തില്‍നിന്നോ ഹിന്ദുസഹോധരങ്ങളില്‍നിന്നോ ഉണ്ടായിട്ടില്ല. എല്ലാവര്‍ഷവും ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. ഇതില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ടുന്ന സഹായങ്ങള്‍ ജമാത്തിന്‍റെ ഭാഗത്ത്നിന്നും ചെയ്തുവരാറുണ്ട്. വെള്ളിയാഴ്ചദിവസം പൊങ്കാല വന്ന അവസരത്തില്‍ ജുംആ നാമസ്കാരസമയം പള്ളിയിലേക്ക് ആളുകള്‍ വരുന്നതിന് സൗകര്യം ഒരുക്കിയതും ശബ്ദസംവിധാനങ്ങള്‍ നിശ്ശബ്ദമാക്കിയതും ഇവിടെ സംജാതമായിരിക്കുന്ന മതസൗഹാര്‍ദ്ധത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്.