ബഹുമാന്യരേ!
അസ്സലാമു അലൈക്കും,
അല്‍ഹംദുലില്ലാ, അല്‍ഹംദുലില്ലാ, സര്‍വ്വ സ്തുതിയും അള്ളാഹുവിന്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല ശരിക്കും വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങള്‍ എനിക്ക് നല്‍കിയ ഈ വിജയം എന്‍റെയും എന്‍റെ നേതൃത്വത്തിലുള്ള പരിപാലനസമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും, ഭാവിയിലെ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജവുമായി ഞാന്‍ കരുതട്ടെ. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ മസ്ജിദിന്‍റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ അത് ഒരു വികാരമായി നിങ്ങള്‍ ഓരോരുത്തരും ഏറ്റെടുത്തപോലെ ഈ തെരഞ്ഞെടുപ്പില്‍ എന്നെയും നിങ്ങള്‍ ഏറ്റെടുത്തതിന് അല്‍ഹംദുലില്ലാ നിങ്ങള്‍ ഏവര്‍ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
നമ്മുടെ ജമാഅത്തിന്‍റെ ഐശ്വര്യവും, ഞാന്‍ ഈ പദവിയിലെത്താന്‍ കാരണക്കാരാവുകയും, ഞങ്ങളെ ശാസിക്കുകയും, വിമര്‍ശിക്കുകയും, പ്രശംസിക്കുകയും, തലോടുകയും ചെയ്യുന്ന, പിതൃതുല്യരായ നമ്മുടെ ജമാഅത്തിലെ കാരണവന്മാരോട് ഞാന്‍ ആദ്യമേതന്നെ എന്‍റെ നന്ദി അറിയിക്കട്ടെ. ആരുടെയെങ്കിലും പേര് വിട്ടുപോയാല്‍ അത് വലിയ തെറ്റാകുമെന്നതിനാല്‍ അവരുടെ ആരുടെയും പേരുകള്‍ ഇവിടെ പറയുന്നില്ല. അവര്‍ക്കെല്ലാപേര്‍ക്കും അള്ളാഹു ആരോഗ്യവും, സമാധാനവും, ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹിക്കട്ടെ. അവരുടെ നിര്‍ദ്ധേശങ്ങളേയും ഉപദേശങ്ങളേയും ശിരസാ വഹിച്ച് സമാധാനപരമായി തെരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തിക്കുകയും എന്നെ തെരഞ്ഞെടുക്കുകയും ചെയ്ത പരിപാലനനമിതിയിലെ അംഗങ്ങള്‍ക്കും, സഹോദര സുഹൃത്തുക്കള്‍ക്കും, മഹല്‍ നിവാസികള്‍ക്കും ജമാഅത്തിലെ ഓരോ അംഗങ്ങള്‍ക്കും, വോട്ടവകാശമില്ലാതിരുന്നിട്ടുകുടി എനിക്ക് വേണ്ടി പരിശ്രമിച്ച കുഞ്ഞനുജന്മാര്‍ക്കും തിരഞ്ഞെടുപ്പിലുടനീളം എനിക്ക് വേണ്ടി ദുആ ചെയ്ത ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും, കുട്ടികള്‍ക്കും എന്‍റെ ഹൃദ്യമായ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി അത്മാര്‍ത്ഥമായി അള്ളാഹുവിനോട് പ്രാര്‍തിക്കുകയും ചെയ്യുന്നു. സമാധാനപരമായ തെരഞ്ഞെടുപ്പിനായി അംഗങ്ങളെ മുഴുവന്‍ ഉത്ബോധിപ്പിക്കുകയും, പരിശ്രമിക്കുകയും ചെയ്ത ഇമാം. സമാധാനപരമായി ഇലക്ഷന്‍ നടത്തിച്ച ഇലക്ഷന്‍ കമ്മീഷണര്‍, ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍, അതിന് സഹായിച്ചവര്‍, ജമാഅത്ത് ഉദ്യോഗത്ഥര്‍, കേരളാപോലീസ് എന്നിവര്‍ക്കും എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
ഏറ്റവും സന്തോഷകരമായ കാര്യം തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവര്‍ തമ്മിലുണ്ടായ ഐക്യവും അവര്‍ കാണിച്ച വിശാല വീക്ഷണവും, സന്മനസ്സും, പക്വമായ തീരുമാനവുമാണ്. ഇത് അഭിപ്രായാന്തരങ്ങള്‍ക്കിടയിലും മുസ്ലീം സമൂഹത്തിന് ഒരുമിച്ച് നില്ക്കാന്‍ കഴിയുമെന്നതിന്‍റെ അനുഭവസാക്ഷ്യമാണ്. ഇതിന് കാരണക്കാരായ ഓരോരുത്തരേയും ഇത്തരുണത്തില്‍ സ്മരിക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങളെ അള്ളാഹു ഖബൂല്‍ ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് പോലെ എന്നില്‍ നിന്നോ, പരിപാലനസമിതിയിലെ ഏതെങ്കിലും അംഗങ്ങളില്‍നിന്നോ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ നിന്നോ ആര്‍ക്കെങ്കിലും പ്രത്തേകിച്ച് എനിക്കെതിരെ മല്‍സരിച്ച ജനാബ്. മാഹീന്‍ സാഹിബിന് വാക്കാലോ പ്രവര്‍ത്തിയാലോ എന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസമോ നേരിട്ടിട്ടുണ്ടെങ്കില്‍ സദയം ക്ഷമിച്ച് പൊറുത്തുതരണമെന്നും താഴ്മയായി അപേക്ഷിക്കുന്നു. ഏതൊരു പ്രവര്‍ത്തനത്തിന്‍റെയും ലക്ഷ്യം സമൂഹത്തിന്‍റെ നന്മയില്‍ അധിഷ്ടിതമായ പുരോഗതിയായിരിക്കണം, അങ്ങനെയാണെങ്കില്‍ മാത്രമേ ഒരു ഉത്തമ സമൂഹം രൂപപ്പെടുകയുള്ളൂ. ഈ ലക്ഷ്യം നേടണമെങ്കില്‍ തര്‍ക്കങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പകരം ഒത്തൊരുമയും കൂട്ടായ പ്രവര്‍ത്തനവുമാണാവശ്യം ആയതിനാല്‍ മഹല്ലിന്‍റെ സമാധാനപരമായ അന്തരീക്ഷത്തിനും ദീനീപരമായ ഉണര്‍വ്വിനും പരിപാലനത്തിനും നിങ്ങളുടെ ഒരോരുത്തരുടെയും സഹകരണവും, പിന്തുണയും പരിശ്രമവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം സര്‍വ്വശക്തനായ അള്ളാഹു നമ്മുടെ ഹലാലായ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരട്ടെയെന്ന് പ്രാര്‍ത്ഥിച്ച്കൊണ്ട്.
ദുആ വസിയ്യത്തോടെ,
അബ്ദുല്‍ ഖാദര്‍. എം